കറകളയുന്ന ഉപദേശങ്ങള്‍

>> 2010, മാർച്ച് 11, വ്യാഴാഴ്‌ച

അബ്ദുല്‍ വദൂദ്
സ്‌ലാമിക ലോകം കണ്ട സര്‍ഗധന്യനായ പണ്ഡിതനായിരുന്നു ഇമാം ഹസന്‍ ബസ്വരി(റ). ഹിജ്‌റ 21 ല്‍ ജനിച്ച അദ്ദേഹം അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌, അനസുബ്‌നു മാലിക്‌, ജാബിറുബ്‌നു അബ്‌ദില്ല തുടങ്ങിയ വിഖ്യാത സ്വഹാബികളുടെ ശിഷ്യനായിരുന്നു. ഉസ്‌മാന്‍, അലി, അബൂമൂസല്‍ അശ്‌അരി എന്നിവരോടൊപ്പം സഹവസിച്ചതിലൂടെ അവരിലെ മഹദ്‌ഗുണങ്ങളും കൈവരിച്ചു. പതിനാലാം വയസ്സു മുതല്‍ ഇറാഖിലെ ബസ്വറയിലേക്ക്‌ കുടുംബമൊന്നിച്ച്‌ താമസം മാറി. അവിടെ വലിയ പള്ളിയിലെ അബ്‌ദുല്ലാഹിബ്‌നു അബ്ബാസിന്റെ വിജ്ഞാന സദസ്സില്‍ ചേര്‍ന്നു. വിശ്രുത പണ്ഡതനായി വളര്‍ന്നു. ഉമറുബ്‌നു അബ്‌ദില്‍ അസീസിന്റെ സുഹൃത്ത്‌ ഖാലിദിബ്‌നു സ്വഫ്‌വാന്‍ പറയുന്നു: ``ഹസന്‍ ബസ്വരിയുടെ രഹസ്യജീവിതം പരസ്യ ജീവിതം പോലെ തന്നെ പരിശുദ്ധമായിരുന്നു. ഒരു നല്ല കാര്യം കല്‌പിച്ചാല്‍ അത്‌ ആദ്യം ചെയ്യുന്നത്‌ അദ്ദേഹമായിരിക്കും. ചീത്ത കാര്യം നിരോധിച്ചാല്‍ അതില്‍ നിന്ന്‌ ആദ്യം വിട്ടുനില്‌ക്കുന്നതും അദ്ദേഹമായിരിക്കും. ജനങ്ങളെ ആശ്രയിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.''


ഹസന്‍ ബസ്വരിയുടെ ഉപദേശങ്ങള്‍ പ്രസിദ്ധമാണ്‌: ``കഷ്‌ടം, നാമെന്താണ്‌ ചെയ്‌തത്‌? നമ്മുടെ ദീനിനെ നാം ശോഷിപ്പിച്ചു. ദുനിയാവിനെ പരിപോഷിപ്പിച്ചു. പുതുപുത്തന്‍ ഉടയാടകള്‍ അണിഞ്ഞു. കുശാലായി ഇരുന്ന്‌ അന്യന്റെ മുതല്‍ തിന്ന്‌ വയറു നിറയ്‌ക്കുകയാണ്‌ നാം. മധുരവും പുളിയും ചൂടും തണുപ്പുമുള്ള ആഹാരപാനീയങ്ങള്‍ മാറി മാറി അകത്താക്കി പൊണ്ണത്തടികൊണ്ട്‌ അനങ്ങാന്‍ വയ്യാതാകുമ്പോള്‍ മരുന്ന്‌ തേടി നടക്കുന്നു. വിഡ്‌ഢിയായ മനുഷ്യാ, എവിടെ നിന്റെ സാധുവായ അയല്‍ക്കാരന്‍? വിശപ്പടങ്ങാത്ത അനാഥയെ, നീ കണ്ടില്ലേ, നിന്നേ തേടി വന്ന സാധുവിന്‌ നീ എന്തു നല്‌കി? നിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതല്ലേ? ഓരോ പ്രഭാതത്തോടെയും ആയുസ്സിന്റെ ദിനങ്ങളില്‍ ഒന്ന്‌ കൊഴിഞ്ഞുപോവുകയല്ലേ?''
റബീഉബ്‌നു അനസ്‌ പറയുന്നു: ``ഞാന്‍ പത്തു വര്‍ഷക്കാലം ഹസന്‍ബസ്വരിയുടെ അടുക്കല്‍ പോയി വരാറുണ്ടായിരുന്നു. ഓരോ ദിവസവും മുമ്പ്‌ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പുതിയ പുതിയ കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിച്ചുതന്നു.''

അബൂഹയ്യാന്‍ ഉദ്ധരിക്കുന്നു: ``ഹസന്‍ ബസ്വരി ഒരു വിസ്‌മയമായിരുന്നു. അറിവ്‌, ഭക്തി, സൂക്ഷ്‌മത, ലളിതജീവിതം എന്നിവയിലെല്ലാം അദ്ദേഹം വേറിട്ടുനിന്നു. വിവിധതരം ആളുകള്‍ അദ്ദേഹത്തിന്റെ സദസ്സില്‍ വരാറുണ്ടായിരുന്നു. അദ്ദേഹം വിജ്ഞാനത്തിന്റെ അലയടിച്ചുയരുന്ന ഒരു സമുദ്രമാണ്‌. സദസ്സുകള്‍ക്ക്‌ പ്രഭ ചൊരിയുന്ന ജ്യോതിസ്സാണ്‌. ഹദീസും തഫ്‌സീറും ഫിഖ്‌ഹും നീതിന്യായ വ്യവസ്ഥയും അവിടെ നിന്ന്‌ പഠിക്കാം. ദൃഢസ്വരവും ലളിതഭാഷയുമാണ്‌ അദ്ദേഹത്തിന്റെ ശൈലി. ജനങ്ങള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. ഇതര മതക്കാര്‍ക്കുപോലും അദ്ദേഹം ആവശ്യക്കാരനായിരുന്നു.''

ഒരിക്കല്‍ ഒരു മദ്യപാനി ചതുപ്പുനിലത്തില്‍ ഇറങ്ങുന്നതു കണ്ട ഹസന്‍ ബസ്വരി പറഞ്ഞു: ``സൂക്ഷിച്ചോളൂ, ചതുപ്പില്‍ താണുപോകും.'' അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ``ഹസന്‍ ബസ്വരീ, ഞാന്‍ ചതുപ്പില്‍ മുങ്ങിപ്പോയാല്‍ അതിന്റെ നഷ്‌ടം എനിക്കു മാത്രമാണ്‌. എന്നാല്‍ താങ്കളാണ്‌ വീഴുന്നതെങ്കില്‍ താങ്കളുടെ പ്രഭാഷണങ്ങളും ഉപദേശങ്ങളും പാണ്ഡിത്യവുമെല്ലാം ജനങ്ങള്‍ക്ക്‌ നഷ്‌ടപ്പെടും.''

ഹസന്‍ ബസ്വരിയുടെ പ്രഭാഷണങ്ങളില്‍ നിന്ന്‌: ``ജനങ്ങള്‍ അവരുടെ തന്നെ അഭിലാഷങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യമായ വാക്കുകള്‍ മാത്രമാണ്‌ അവരില്‍. സല്‍കര്‍മങ്ങള്‍ കുറഞ്ഞുപോകുന്നു. അറിവുണ്ട്‌. പക്ഷേ, ക്ഷമയില്ല. വിശ്വാസമുണ്ട്‌ പക്ഷേ, ശക്തിയില്ല. എണ്ണത്തില്‍ വളരെയധികം, പക്ഷേ ഈമാന്‍ വളരെ കുറവാണ്‌. അവരുടെ ഹൃദയം ആരെയും ആകര്‍ഷിക്കുന്നില്ല. അല്ലാഹു സത്യം, ജനങ്ങള്‍ കാര്യങ്ങള്‍ ഗ്രഹിച്ച ശേഷം നിഷേധികളായിട്ടിരുന്നു. ആദ്യം ഒരു കാര്യം ഹറാമാണെന്ന ചിന്തയില്‍ ഭയത്തോടെയാണ്‌ ചെയ്‌തിരുന്നതെങ്കില്‍ ഇപ്പോള്‍ അതേ കാര്യം ധൈര്യത്തോടെ ചെയ്യുന്നു. നിശ്ചയം, അവരുടെ ഈമാന്‍ വെറും വായാടിത്തമായിത്തീര്‍ന്നിരിക്കുന്നു. അന്ത്യദിനത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ആ വിശ്വാസം അവരെ സ്വാധീനിക്കുന്നില്ല. സത്യവിശ്വാസികളേ, നിങ്ങള്‍ ബുദ്ധിമാന്മാരും മൃദുല സ്വഭാവികളുമാകണം. ദാരിദ്ര്യത്തില്‍ ക്ഷമിക്കുന്നവരും സമ്പന്നതയില്‍ പരിധി വിടാത്തവരുമാകണം. കടമിടപാടുകള്‍ കൊടുത്തുവീട്ടണം, നീതിയുടെ മാര്‍ഗത്തില്‍ ഉറച്ചുനില്‌ക്കണം. വെറുപ്പുള്ളവരോടു പോലും അനീതി കാണിക്കരുത്‌.

പ്രിയപ്പെട്ടവരെ വഴിവിട്ടു സഹായിക്കരുത്‌. മറ്റുള്ളവരുടെ കുറ്റങ്ങള്‍ ചികഞ്ഞുനടക്കരുത്‌. കുത്തുവാക്കുകള്‍ പറയരുത്‌. കളിതമാശകളില്‍ മതിമറക്കരുത്‌. ഏഷണിക്കാരാവരുത്‌. അവകാശമില്ലാത്തത്‌ ആഗ്രഹിക്കരുത്‌. കൊടുത്തുവീട്ടേണ്ട ബാധ്യതകള്‍ നിഷേധിക്കരുത്‌. മറ്റുള്ളവരുടെ പാപത്തിലും കഷ്‌ടപ്പാടിലും സന്തോഷിക്കരുത്‌. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കും പ്രവൃത്തിയും അരുത്‌. നമ്മുടെ ഹൃദയവും ശരീരവും കണ്ണുമെല്ലാം അല്ലാഹുവിന്റെ മുന്നില്‍ തല കുനിക്കണം. അല്ലാഹുവില്‍ നിന്ന്‌ നേട്ടം ലഭിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി എന്തു നഷ്‌ടം സഹിക്കാനും തയ്യാറാവണം...''

സ്വഹാബിവര്യന്‍ സെയ്‌ദുബ്‌നു സ്വാബിത്‌ മോചിപ്പിച്ച അടിമ യാസിറും പ്രവാചക പത്‌നി ഉമ്മു സലമയുടെ അടിമ ഖയ്‌റയുമായിരുന്നു ഹസന്‍ ബസ്വരിയുടെ മാതാപിതാക്കള്‍. ഹിജ്‌റ 110 ല്‍ അദ്ദേഹം അന്തരിച്ചു. l 

Related Posts with Thumbnails

About This Blog

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP