കണ്ണുപോലെ കാത്തും പൊന്നുപോലെ നോക്കിയും

>> 2009, നവംബർ 19, വ്യാഴാഴ്‌ച

വീട്‌ നിര്‍മിക്കുന്നത്‌ കല്ലും മണ്ണും മരങ്ങളും കൊണ്ടാണല്ലോ. അതേ വസ്‌തുക്കള്‍ കൊണ്ടുതന്നെയാണ്‌ മറ്റു കെട്ടിടങ്ങളുമുണ്ടാക്കുന്നത്‌. എന്നാല്‍ ആ കെട്ടിടങ്ങള്‍ക്കൊന്നും പറയാത്ത ഒരു പേര്‌ വീടിനുണ്ട്‌. മസ്‌കന്‍ എന്നാണ്‌ ആ പേര്‌. `സമാധാനത്തിന്റെ ഉറവിടം' എന്നാണതിന്റെ അര്‍ഥം. എന്തുകൊണ്ടാണ്‌ വീട്‌ മസ്‌കന്‍ ആകുന്നത്‌? ആ പേരിന്റെ ഉറവിടമെന്താണ്‌? ഇതിനുള്ള കാരണം വിശുദ്ധ ഖുര്‍ആനില്‍ നിന്നു കിട്ടും: ``നിങ്ങള്‍ക്ക്‌ അവളില്‍ നിന്ന്‌ സമാധാനം ലഭിക്കാന്‍.'' (30:21)
അപ്പോള്‍ സുക്‌ന്‍ അഥവാ സമാധാനം പകരുന്ന ഭാര്യയുള്ളതിനാലാണ്‌ വീട്‌ മസ്‌കന്‍ ആകുന്നത്‌. അലിവും ആര്‍ദ്രതയും കൃപയും കാരുണ്യവും ആവോളം ആസ്വദിക്കാനുള്ള സങ്കേതമാകണം വീട്‌. എല്ലാ നന്മകളും പൂത്തുലയുന്ന പൂമരമാകണം വീട്‌. സൗകര്യസമൃദ്ധമായ കൊട്ടാരമാണെങ്കിലും സ്‌നേഹസമ്പന്നയായ ഭാര്യയില്ലെങ്കില്‍ വീട്‌ വെറുമൊരു കെട്ടിടമായിത്തീരും. വീടിനെ ഉണങ്ങിയ കെട്ടിടമല്ലാതാക്കുന്നവളാണ്‌ നല്ല ഭാര്യ. `ധാരാളം സ്‌നേഹം തരുന്നവള്‍' (വദൂദ്‌) എന്നാണ്‌ നല്ല ഭാര്യയെ റസൂല്‍ വിശേഷിപ്പിച്ചത്‌. പ്രേമസുരഭിലമായ പെരുമാറ്റം കൊണ്ടും പ്രണയ വചനങ്ങള്‍കൊണ്ടും ഹൃദ്യമായ സഹവാസം കൊണ്ടും അവള്‍ ശാന്തിയുടെ കുളിരുപകരും.


ജീവിതത്തിലെ നല്ല ഭാഗ്യങ്ങളിലൊന്നാണ്‌ നല്ല ഇണ. കരളു

കുളിര്‍പ്പിക്കുന്ന അനുഭവമായി അവള്‍ ഓര്‍മയില്‍ പോലും പിന്തുടര്‍ന്നുകൊണ്ടിരിക്കും. തിന്മകളിലേക്ക്‌ തെറ്റിപ്പോകാതെയും പ്രതിസന്ധികളില്‍ തോറ്റുപോകാതെയും നില്‍പ്പുറപ്പിക്കാന്‍ അവള്‍ കരുത്തുപകരും. ആത്മസുഹൃത്തിന്റെ അടുപ്പവും ഉടപ്പിറപ്പിന്റെ വാത്സല്യവും ഗുരുനാഥന്റെ മാര്‍ഗദര്‍ശനവും ഒരേയൊരാളില്‍ സംഗമിക്കുന്ന സൗന്ദര്യമാണ്‌ നല്ല ഇണ. സ്‌നേഹവും സഹനവും ആവോളം നല്‍കി സ്വന്തവും സാന്ത്വനവുമായിത്തീരുന്ന മഹാഭാഗ്യമാണത്‌. വിട്ടുപിരിയാനോ കേട്ടുതീരാനോ ആവാതെ ഹൃദയത്തിലെപ്പോഴും തുടിച്ചുകൊണ്ടിരിക്കുന്ന സുഗന്ധമാണ്‌ നല്ല ഇണ. എത്ര അകന്നാലും അകലാന്‍ കഴിയാതെ, എത്ര അടുത്താലും അടുപ്പം തീരാതെ അവര്‍ അന്യോന്യം ഇഴചേരും. ധാരാളം നൂലുകള്‍ പരസ്‌പരം പുണര്‍ന്നുകിടക്കുന്ന വസ്‌ത്രത്തോടാണല്ലോ ദാമ്പത്യത്തെ വിശുദ്ധ ഖുര്‍ആന്‍ (2:187) ഉപമിച്ചത്‌!

മനസ്സിന്റെ ഓരോ പരമാണുകൊണ്ടും പരസ്‌പരം സ്‌നേഹിക്കുവാന്‍ സാധിക്കുമ്പോഴാണ്‌ ദാമ്പത്യം വിജയിക്കുന്നത്‌. ഉള്ളിലും പുറത്തും ആ സ്‌നേഹം നിറയണം. കര്‍ഷകന്‌ തന്റെ മണ്ണിനോടുണ്ടാകുന്ന അടുപ്പം! എങ്ങോട്ടു പോയാലും നെഞ്ചില്‍ നിറയെ തന്റെ കൃഷിയിടം തന്നെയായിരിക്കും. അയാളുടെ മനസ്സില്‍ നിന്ന്‌ സ്വന്തം മണ്ണിന്റെ മണം മാറില്ല. ഭാര്യയെ `കൃഷിയിടം' എന്നും ഖുര്‍ആന്‍ (2:223) ഉപമിച്ചിട്ടുണ്ട്‌. പൊന്നുപോലെ നോക്കിയും കണ്ണുപോലെ കാത്തും അന്യോന്യം അലങ്കാരമായിത്തീരുന്ന അസുലഭമായ ജീവിതഭാഗ്യമായിത്തീരണം ദാമ്പത്യം. എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും പുതുമ തീരാതെ അവര്‍ ജീവിക്കും. `സ്‌നേഹവും കാരുണ്യവും പരസ്‌പരമുണ്ടാകണമെന്നാണ്‌ അല്ലാഹുവിന്റെ നിര്‍ദേശം (30:21). അത്‌ രണ്ടും അല്ലാഹുവില്‍ നിന്നുള്ള സമ്മാനങ്ങളാണ്‌. ആദ്യം സ്‌നേഹം പിന്നെ കാരുണ്യം - ഇങ്ങനെയാണ്‌ ഖുര്‍ആനിന്റെ പരാമര്‍ശം. അനുഭവവും അതാണല്ലോ.

വിവാഹത്തിന്റെ ആദ്യ നാളുകളിലൊക്കെ സ്‌നേഹമാണ്‌ കവിഞ്ഞു നില്‍ക്കുന്നത്‌. പിന്നെപ്പിന്നെ അത്‌ കാരുണ്യമായി മാറുന്നു. ഇണയുടെ വേദന സ്വന്തം വേദനയായിത്തീരുന്നു. അവള്‍ക്കൊരു അസുഖമുണ്ടാകുന്നത്‌ സഹിക്കുന്നില്ല, അവളുടെ ക്ഷീണം താങ്ങാനാവുന്നില്ല. സ്‌നേഹമെന്നതിലേറെ അവരുടെ ബന്ധം കാരുണ്യപൂര്‍ണമാവുന്നു. തങ്കവും വൈഡൂര്യവും പോലെ അവര്‍ പരസ്‌പരം പ്രകാശം പകരും. കാലപ്പഴക്കംകൊണ്ട്‌ ആ ബന്ധത്തിന്‌ ശക്തിയും കെട്ടുറപ്പും വര്‍ധിക്കുക മാത്രമേയുള്ളൂ. ഇണ തുണയായിത്തീരുന്ന അനുഭവം! സന്താപത്തിലും സന്തോഷത്തിലും പരസ്‌പരം വേറിടാതെ അവരൊന്നാകും.

ഞാനും നീയുമെന്നില്ലാതെ `നമ്മള്‍' മാത്രമായിത്തീരുന്നതാണ്‌ നല്ല ദാമ്പത്യം. മനസ്സുകള്‍ മാത്രമല്ല, സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും ശരീരങ്ങളും അന്യമെന്ന അനുഭവമില്ലാതെ, അടുപ്പവും ആത്മബന്ധവും വര്‍ധിക്കുന്ന ധന്യതയാണത്‌. ആഇശാബീവി(റ), തിരുനബി(സ)യോടൊത്തുള്ള ഇണ സമ്പര്‍ക്കം നമ്മോട്‌ പറയുന്നു: ``ഞാനും നബിയും ഒന്നിച്ചാണ്‌ കുളി. ഒറ്റപ്പാത്രത്തില്‍ നന്ന്‌ വെള്ളമെടുത്ത്‌ കുളിക്കും. വെള്ളം

കോരുന്ന പാട്ട കൈവശപ്പെടുത്താന്‍ ഞങ്ങള്‍ തമ്മില്‍ തര്‍ക്കിക്കും. എന്നെ തോല്‍പിച്ച്‌ തിരുനബി പാട്ട കൈവശപ്പെടുത്തുമ്പോള്‍ ഞാന്‍ കൊഞ്ചി പറയും: എനിക്ക്‌ തരൂ, എനിക്ക്‌ തരൂ.''

``ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ, തിരുനബിയുടെ പാത്രത്തില്‍ നിന്ന്‌ വെള്ളം കുടിച്ചിരുന്നു. ഞാന്‍ വായവെച്ച അതേ സ്ഥാനത്തുതന്നെ നബിയും വായവെക്കും. എന്നിട്ട്‌ മോന്തിക്കുടിക്കും. ഇങ്ങനെ ഞങ്ങള്‍ മാറിമാറി ചെയ്യും...''(ബുഖാരി, മുസ്ലിം). തിരുനബി ആഇശയുടെ പേരു വിളിക്കുന്നതു പോലും പ്രണയാര്‍ദ്രമായിരുന്നു. ചിലപ്പോള്‍ ആഇശ എന്നായിരുന്നു വിളി. മറ്റു ചിലപ്പോള്‍ `ചുവന്നവളേ' എന്നായിരിക്കും.

നോക്കൂ, എത്ര ഹൃദ്യമായ ബന്ധം! ഭാര്യ വായ വെച്ചിടത്തുതന്നെ വായവെച്ച്‌ വെള്ളം നുകരുന്ന പ്രവാചകതിരുമേനി. ഭര്‍ത്താവ്‌ കുടിച്ച ഗ്ലാസ്‌ കഴുകി മാത്രം ഉപയോഗിക്കുന്ന ഭാര്യമാരെവിടെ? ഭാര്യയുടെ മുടി അബദ്ധത്തില്‍ ഭക്ഷണത്തില്‍ വീണാല്‍ കോപാന്ധരാകുന്ന ഭര്‍ത്താക്കന്മാരെവിടെ? ``ഭാര്യയുമായി തനിച്ചായാല്‍ ധാരാളം ചിരിക്കുന്ന സൗമ്യനായ പുരുഷനായിരുന്നു തിരുനബി''യെന്നും ആഇശ(റ) പറയുന്നുണ്ട്‌. നമ്മുടെ കാലത്തെ ഭര്‍ത്താക്കന്മാര്‍ നേരെ വിപരീതമല്ലേ? വീടിനു പുറത്തുള്ള സൗമ്യഭാവവും കളിയും ചിരിയും വീട്ടിലേക്കെത്തുന്നതോടെ മാഞ്ഞുപോകില്ലേ? എന്താണു കാരണം? കാരണം മറ്റൊന്നുമല്ല. നമ്മുടെ സ്‌നേഹത്തിന്‌ കൊതിയോടെ കാത്തിരിക്കുന്നവള്‍ക്ക്‌ അത്‌ നല്‍കാന്‍ നാം തയ്യാറല്ല. നമ്മുടെ വരവും സാന്നിധ്യവും സംസാരവും ആവോളം ആഗ്രഹിക്കുന്നവള്‍ക്ക്‌ മാത്രം അത്‌ നല്‍കാന്‍ നാമൊരുക്കമല്ല. ഉമര്‍(റ) പറയുന്നുണ്ട്‌: ``പുരുഷന്‍ തന്റെ വീട്ടുകാരോടൊപ്പമാകുമ്പോള്‍ കൊച്ചുകുട്ടികളെപ്പോലെയാകണം'' (അല്‍മര്‍അതു ഫീ തസവ്വുരില്‍ ഇസ്ലാം)

ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തീരാതെ തുടരേണ്ടത്‌ സ്‌നേഹം മാത്രമാണ്‌. പകരുംതോറും പ്രൗഢി വര്‍ധിക്കുന്ന സ്‌നേഹം. എത്ര കടുത്ത മനസ്സിനെയും അലിയിക്കുന്ന സ്‌നേഹം. എത്ര വലിയ പിണക്കത്തെയും ഉരുക്കിക്കളയുന്ന സ്‌നേഹം. എത്ര വലിയ ദൂരത്താകുമ്പോഴും ഒട്ടും കുറയാതെ കവിയുന്ന സ്‌നേഹം.

വെറും 48 ദിവസങ്ങള്‍ മാത്രം ഒന്നിച്ചുകഴിഞ്ഞ ഭര്‍ത്താവ്‌ അപകടത്തില്‍ ശരീരമാകെ തളര്‍ന്ന്‌ കിടന്നപ്പോഴും പതിനെട്ട്‌ വര്‍ഷം അയാളുടെ കൂടെ താങ്ങും തണലുമായിരുന്ന വിസ്‌മയമായിത്തീര്‍ന്ന സ്‌ത്രീകളും നമുക്കു ചുറ്റുമുണ്ട്‌. മക്കളോ സമ്പത്തോ ശരീര സുഖമോ ഒന്നും പ്രതീക്ഷിക്കാനില്ലാത്തപ്പോഴും അവള്‍ പ്രിയതമനെ കൈവിട്ടില്ല. അവസാന നിമിഷങ്ങളില്‍ ഇനിയും ദീര്‍ഘായുസ്സ്‌ നല്‍കണമേയെന്ന്‌ അയാള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുന്നവളായിരുന്നു ആ ഭാര്യ! ഇതാണ്‌ ദാമ്പത്യത്തിന്റെ യഥാര്‍ഥ സൗന്ദര്യം.

Related Posts with Thumbnails

About This Blog

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP