കറകളയുന്ന ഉപദേശങ്ങള്‍
>> 2010 മാർച്ച് 11, വ്യാഴാഴ്‌ച
അബ്ദുല്‍ വദൂദ്
ഇസ്‌ലാമിക ലോകം കണ്ട സര്‍ഗധന്യനായ പണ്ഡിതനായിരുന്നു ഇമാം ഹസന്‍ ബസ്വരി(റ). ഹിജ്‌റ 21 ല്‍ ജനിച്ച അദ്ദേഹം അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്, അനസുബ്‌നു മാലിക്, ജാബിറുബ്‌നു അബ്‌ദില്ല തുടങ്ങിയ വിഖ്യാത സ്വഹാബികളുടെ ശിഷ്യനായിരുന്നു. ഉസ്‌മാന്‍, അലി, അബൂമൂസല്‍ അശ്‌അരി എന്നിവരോടൊപ്പം സഹവസിച്ചതിലൂടെ അവരിലെ മഹദ്‌ഗുണങ്ങളും കൈവരിച്ചു. പതിനാലാം വയസ്സു മുതല്‍ ഇറാഖിലെ ബസ്വറയിലേക്ക് കുടുംബമൊന്നിച്ച് താമസം മാറി. അവിടെ വലിയ പള്ളിയിലെ അബ്‌ദുല്ലാഹിബ്‌നു അബ്ബാസിന്റെ വിജ്ഞാന സദസ്സില്‍ ചേര്‍ന്നു. വിശ്രുത പണ്ഡതനായി വളര്‍ന്നു. ഉമറുബ്‌നു അബ്‌ദില്‍ അസീസിന്റെ സുഹൃത്ത് ഖാലിദിബ്‌നു സ്വഫ്‌വാന്‍ പറയുന്നു: ``ഹസന്‍ ബസ്വരിയുടെ രഹസ്യജീവിതം പരസ്യ ജീവിതം പോലെ തന്നെ പരിശുദ്ധമായിരുന്നു. ഒരു നല്ല കാര്യം കല്‌പിച്ചാല്‍ അത് ആദ്യം ചെയ്യുന്നത് അദ്ദേഹമായിരിക്കും. ചീത്ത കാര്യം നിരോധിച്ചാല്‍ അതില്‍ നിന്ന് ആദ്യം വിട്ടുനില്‌ക്കുന്നതും അദ്ദേഹമായിരിക്കും. ജനങ്ങളെ ആശ്രയിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.''

