ആത്മീയതയുടെ സുഖാനുഭവങ്ങള്‍
>> 2009 ഒക്‌ടോബർ 7, ബുധനാഴ്‌ച
അത്‌ഖാ എന്ന പദവിയാണ് അല്ലാഹുവുമായുള്ള ബന്ധത്തിന്റെ പാരമ്യമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (49:13). `ഏറ്റവും ഉയര്‍ന്ന വിധമുള്ള ഭക്തി’യാണ് അത്‌ഖാ. വ്യത്യസ്‌ത വിധമുള്ള ആത്മീയ പദവികളിലൂടെ സഞ്ചരിച്ചെത്തുന്ന അവസാന നിലയെന്ന വിധത്തിലല്ല, അത്‌ഖായെ ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ഒട്ടും അസാധാരണത്വങ്ങളില്ലാതെ, അതിസാധാരണമായ ജീവിതവഴികളിലൂടെ നീങ്ങുമ്പോള്‍ തന്നെ, ദൈവവുമായുള്ള പവിത്ര ബന്ധത്തെ നവീകരിച്ചും വര്‍ധിപ്പിച്ചും സാധിച്ചെടുക്കാവുന്ന വിശേഷണമാണ് അത്‌ഖാ. മനുഷ്യസമൂഹത്തെ വ്യത്യസ്‌ത വംശവല്ലികളായി പടര്‍ത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയതിന്റെ പിറകെയാണ് അത്‌ഖാ ആയവര്‍ മാത്രമാണ് അല്ലാഹുവുമായി ഏറ്റവും അടുപ്പമുള്ളവര്‍ എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്.
